May 01, 2011

പെരുവഴിയിലേക്ക് .... !!!

എല്ലാം സ്വന്തമാക്കണമെന്നാഗ്രഹമായിരുന്നു  അയാള്‍ക്ക്‌. ചെറുപ്പം തൊട്ടേ അധ്വാനത്തിന്റെ ശീലങ്ങളെ അതിനു വേണ്ടി പാകപ്പെടുത്തി. പറമ്പും കാടും എല്ലാം വാങ്ങി കൂട്ടി.
ചുട്ടുപൊള്ളുന്ന ചൂടില്‍ ഒലിച്ചിറങ്ങുന്ന വിയര്പ്പുകണങ്ങളെ  നീറ്റല്‍ അനുഭവിക്കുന്ന ഇരു കൈകളില്‍ പുരട്ടി ആശ്വാസം കൊണ്ടു.
വെച്ച് പിടിപ്പിച്ച തേക്കിന്‍ തൈകള്‍ വളര്‍ന്നു നില്‍ക്കുന്നത് അന്ന് രാത്രി അയാല്‍ സ്വപ്നം കണ്ടു...
കൂരിരുട്ടായി പടര്‍ന്ന കാര്‍മേഘള്‍‍ക്കൊപ്പം  വന്ന മിന്നല്‍പിണരുകള്‍ വെളിച്ചമായി കണ്ടു മഴ വെള്ളത്തെ തന്റെ വിശാലമായ വയലിലേക്ക് തിരിച്ചു വിട്ടു. കൊയ്തെടുത്ത വിളവില്‍ ലാഭം വന്നു മറിയുന്നത് അന്ന് രാത്രി അയാള്‍ സ്വപ്നം കണ്ടു...
ഒരു വൈകുന്നേരം  വീടിനു ചുറ്റുപാടും വാങ്ങികൂട്ടിയ സ്ഥലത്തേക്ക് നോക്കി അയാള്‍ മക്കളോട് പറഞ്ഞു: എല്ലാം നിങ്ങള്‍ക്കുള്ളതാണ്.നിങ്ങള്‍‍ക്ക് മാത്രം!!.
മക്കളുടെ മനസ്സ് നിറയുന്നത് കണ്ടു അയാള്‍ ആശ്വസിച്ചു. എന്‍റെ അദ്ധ്വാനനം വെറുതെയായില്ല.  
മറ്റൊരു ദിവസം മക്കളെ വിളിച്ചു വരുത്തി തന്റെ ഒരു ആഗ്രഹം അയാള്‍ പങ്കു വെച്ചു.
"എന്റെ കണണടയുന്നതിനു മുമ്പ്‌ ഇതെല്ലാം നിങ്ങള്ക്ക് ഓഹരി വെക്കണം, എന്‍റെ കാല ശേഷം നിങ്ങള്‍ അതിനു വേണ്ടി കലഹിക്കുന്നത് എനിക്കിഷ്ടമില്ല."
മക്കളുടെ മനസ്സ് വീണ്ടും സന്തോഷം കൊണ്ടു അയാള്‍ വീര്‍പ്പുമിട്ടിച്ചു.
നാട്ടിലെ കാരണവന്മാരോട് അയാള്‍ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ അത് പറഞ്ഞു , ക്ഷണിച്ചു. മക്കള്‍ വില്ലേജ് ഓഫീസിലെ  ജോലിക്കാരെയും.
അങ്ങിനെ ആ ദിവസം വന്നെത്തി.
വിശാലമായ ആ പറമ്പും നെല്‍പാടങ്ങളും അളന്നു മുറിക്കാന്‍ തുടങ്ങി.
തേക്കിന്‍  മരങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന കുന്നിന്‍ ചെരുവില്‍ ഒറ്റയ്ക്കിരുന്നു മക്കളുടെ സന്തോഷം കണ്ടു സായൂജ്യമടയാന്‍ അയാള്‍ ഒഴിഞ്ഞ പാറ കെട്ടുകളിലേക്ക് കയറാന്‍ ശ്രമിച്ചു.
അപ്പോള്‍ എല്ലാ അധികാരത്തോടെയും അഹങ്കാരത്തോടെയും മൂത്ത മകന്‍ പറഞ്ഞു : എവിടേയ്ക്കാ ഇനി അങ്ങോട്ട്‌ ... മന്ഷ്യര്‍ക്ക് ഒരോ പണിയുണ്ടാക്കാന്‍.... !! വീട്ടില്‍ പോയി ഒരു ഭാഗത്ത്‌ ഇരുന്നൂടെ ..!!
തല പാറകെട്ടില്‍ ഇടിച്ച പോലെ അയാള്‍ക്ക്‌ തോന്നി , അല്ല, ഭൂമി കുലുങ്ങുന്ന പോലെയോ...  ഇല്ല. എല്ലാം തോന്നലുകള്‍ അയാള്‍ ആശ്വസിച്ചു. പക്ഷെ ,
അനുസരിച്ച് ശീലിച്ച മക്കള്‍ ആജ്ഞാപിച്ചു നിര്‍ത്തുമ്പോള്‍ അയാള്‍ പരിസരം മനസ്സിലാക്കി ഇറങ്ങി നടന്നു. മുമ്പില്‍ കണ്ട വിജനമായ പെരുവഴിയിലേക്ക് .... !!!

March 09, 2011

മെസ്സ് ബുക്കിലെ നീതി ബോധം
ബച്ച്ലെഴ്സ് റൂമില്‍ പലതിലും കാണും ഒരു നീല ചട്ടയുള്ള ബുക്ക്‌. അന്നം കണ്ടെത്താന്‍ അരയും തലയും മുറുക്കി കടല്‍ കടന്ന പ്രവാസിയുടെ വയര്‍ നിറച്ചതിന്റെ കണക്കെഴ്ത്തിന്റെ ബുക്ക്‌. മിക്ക റൂമിലും ചുരിങ്ങിയത്‌  അഞ്ചോ ആറോ പേരുണ്ടാവും. ദിവസവും വാങ്ങിയ കുബ്ബൂസിന്റെയും സബ്ജിയുടെയും മറ്റും കണക്ക്. മീന്‍ മാര്‍കെറ്റില്‍ കൊടുത്തത് ... സൂപ്പര്‍ മാര്‍ക്കറ്റില്‍
കൊടുത്തത് ... അങ്ങനെ എല്ലാം.  എവിടെ നിന്നോ വന്നവര്‍ ഒരുമ്മ പെറ്റ മക്കളെ പോലെ കഴിയുന്നു. സ്വാദിഷ്ടമായ ഭക്ഷണമാവില്ല പലപ്പോഴും. നാട്ടില്‍ രണ്ടോ മൂന്നോ വിഭവങ്ങളുമായ് ഭക്ഷണം കഴിച്ചവര്‍ പരിപ്പും റൊട്ടിയും കഴിക്കേണ്ടി വരും. എന്നാലേ മെസ്സ് ചെലവ് കുറക്കാന്‍ കഴിയൂ!!എങ്കിലും വെള്ളിയാഴ്ച പെരുന്നാള്‍ തന്നെയാണ് . വെള്ളിയാഴ്ചയില്‍ ബിരിയാണിയില്ലാത്ത ബാച്ചിലേഴ്സ് റൂം അപൂര്‍വമായിരിക്കും. അന്ന് തന്നെയാണ് കാര്യമായ ഭക്ഷണവും.

ഊഴമനുസരിച്ചുള്ള പാചകത്തിന്റെ കണക്കു കൂട്ടല്‍ ഇല്ല മാസവും അവസാനത്തെ ദിവസമാണ്.  . ഒരു ഫില്‍‌സ് പോലും എല്ലാവര്ക്കും ഒരുപോലെ വീതിക്കും. സഹമുറിയന്റെ ഒരു ഫില്‍‌സ് പോലും അധികമെടുക്കില്ല. എല്ലാ മാസത്തിന്റ്യും തുടക്കത്തില്‍ ചുമരില്‍ തൂങ്ങും എല്ലാവരുടെയം മെസ്സിന്റെ കണക്ക്. ഓരോരുത്തരും ചിലവഴിച്ചതിന്റെ ബാക്കി കൊടുത്ത് തീര്‍ക്കും. ആര്‍ക്കും പരിഭവങ്ങളില്ലാതെ. പരാതികളില്ലാതെ.

February 10, 2011

വസന്തത്തിന്റെ ദിനങ്ങള്‍ നമ്മോട് പറയുന്നത്

        പടിഞ്ഞാറിന്റെ മാനത്ത് നിന്നും പകലോന്‍ പോയ്മറഞ്ഞു. നിശബ്ദതയുടെ ഇരുളിനപ്പുറം പുതിയൊരു പ്രാഭാതം പുലര്‍ന്നു. വസന്തത്തിന്റെ നിലാവെളിച്ചം ലോകത്തിനു പകര്‍ന്നു വീണ്ടും ഒരു വസ്സന്തം. അതെ ലോകത്തിനാകമാനം കാരുണ്യ വര്‍ഷമായി അവതരിച്ച അന്ത്യ പ്രാവാചകന്‍ മുഹമ്മദ്‌ നബി (സ) തങ്ങളുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യ മാസം വീണ്ടും നമ്മിലേക്ക്‌ വന്നണഞ്ഞു.

നൂറ്റാണ്ടുകള്‍ അകലയുള്ള അറേബ്യയുടെ മണ്ണ്. വര്‍ണ്ണനകല്ക്കപ്പുരം അപരിഷ്ക്രിതമായ ജനത ജീവിതം ആസ്വദിച്ചിരുന്ന കാലം. എന്തിനും ഏതിനും കലഹിച്ചിരുന്ന സമൂഹം. നേരും നെറിയുമില്ലാത്തവരുടെ നേതൃത്വവും. സര്‍വ വിധ അനാചാരങ്ങളും കൊടികുത്ത വാണ പരിസരം. നിസ്സാര കാരണങ്ങള്‍ കൊണ്ട് അങ്കം വെട്ടി അവര്‍ ആനന്ദം കൊണ്ടു.
എത്രതോളമെന്നാല്‍ മിണ്ടാപ്രാണിയായ ഒരു ഒട്ടകം, തൊട്ടടുത്ത കണ്ട തടാകത്തില്‍ നിന്നും ദാഹം അകറ്റിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം പടവാളെടുത്ത് അങ്കം വെട്ടിയ സമൂഹം!! പെണ്ണ് അവര്‍ക്ക് ഒരു ഹരമായിരുന്നു. പക്ഷേ ജനിച്ചു വീഴുന്ന പെണ്‍കുഞ്ഞു അവര്‍ക്ക് അപമാനമായിരുന്നു. അപ്പോള്‍, അന്നത്തെ അറബ് മരുഭൂമിയില്‍ ഒട്ടേറെ പെണ്‍കുഞ്ഞുങ്ങള്‍ ജീവനോടെ കുഴിച്ചു മൂടപെട്ടു. മദ്യം അവര്‍ക്ക് അനിവാര്യമായിരുന്നു. അപ്പോള്‍ അവര്‍ കുറിച്ച് വെച്ചു ഞാന്‍ മരിച്ചാല്‍ എന്റെ കുഴിമാടത്തിനരികില്‍ മുന്തിരിവള്ളി നാട്ടു പിടിപ്പിക്കാന്‍. അങ്ങനെ എല്ലാം കൊണ്ടും നനമകളുടെ സകലമാന സീമകളും ലങ്ഘിച്ച ഒരു സമൂഹത്തിനിടയില്‍ പിറവിയെടുത്തു പ്രവാചകന്. അനാഥനായിവളര്‍ന്നു. എങ്കിലും ‍സര്‍വ്വരാലും അംഗീകരിക്കുന്ന ആരോമലായി "സര്‍വ വിശ്വസ്തനായി" വളര്‍ന്നു ആ ചുറ്റുപാടിലും. പരിസരം മുഴുക്കെ നന്മയുടെ ശത്രുക്കള്‍ ജീവിച്ചിരിക്കെ ലോകത്തിനകമാനം നന്മയുടെ വെളിച്ചം വിതറാന്‍ സര്‍വ്വ സ്രഷ്ടാവ് തീരുമാനിച്ചത് ഈ പ്രവാചകനിലൂടെയായിരുന്നു. അത് തന്റെ നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ സര്‍വ്വം വിശ്വസിച്ചു ഏല്പിച്ചിരുന്ന, ഏതു തീരുമാനങ്ങള്‍ക്കും അന്തിമ വിധി പറഞ്ഞിരുന്ന ആ വേണ്ടപ്പെട്ടവന്‍ എല്ലാവര്ക്കും ശത്രുവായി മാറി. അവരുടെ സമീപനം മാറി.

മരുഭൂമി അതുവരെ കാണാത്ത അക്രമ മുറകള്‍ അവര്‍ നബിക്ക് മേല്‍ പരീക്ഷിച്ചു തുടങ്ങി. പക്ഷേ, ദിവ്യ വെളിച്ചത്തിന്റെ കിരണങ്ങള്‍ ഇരുള്‍ പടര്‍ന്ന മനസ്സുകളില്‍ കയറികൂടി. പണിക്കാരനും പണക്കാരനും...കറുത്തവനും വെളുത്തവനും ....എല്ലാം , സമ്പന്നതയുടെ സുഖ ശീതളിമയില്‍ കഴിഞ്ഞവര്‍ പോലും എല്ലാം പ്രവാചകന് നല്‍കി ഇസ്ലാമിന്റെ ശാദ്വല തീരത്തണഞ്ഞു. ഒപ്പം എതിര്‍പ്പുകളുടെ, കൊടിയ പീഡനങ്ങളുടെ ആവര്‍ത്തനങ്ങള്‍ സ്രിഷ്ടിക്കപെട്ടു കൊണ്ടേയിരുന്നു. പലപ്പോഴും സത്യവും അസത്യവും തമ്മില്‍ ഏറ്റുമുട്ടി. എങ്കിലും വിശാസത്തിന്റെ കരുത്തില്‍ മുമ്പോട്ട്‌ തന്നെയായിരുന്നു നമ്മുടെ പ്രവാചകന്‍. അറബ് മണ്ണിന്റെ മുക്കിലും മൂലയിലും നേരിന്റെ ശബ്ദം കടന്നു ചെന്നു. പ്രമുഖരെല്ലാം പ്രവാചകന്റെ മുമ്പില്‍ വന്നു ഇസ്ലാം സ്വീകരിച്ചു. നന്മയുടെ ശത്രുക്കള്‍ അത് രസിച്ചില്ല. അവര്‍ എല്ലാം വിധ എതിര്‍പ്പുകളും തുടര്‍ന്നു. വെള്ളവും മറ്റും നിഷേധിക്കപ്പെട്ടു. ജീവിതം ദുസ്സഹമായി. അപ്പോള്‍ പിറന്ന നാട് വിട്ടു പ്രവാചകന്‍ (സ) തങ്ങള്‍ മദീനയിലേക്ക് പലായനം ചെയ്തു.


വിശ്വാസ സംരക്ഷണത്തിന് വേണ്ടി. വീടും വീട്ടുകാരും സ്വത്തും സ്വന്തക്കാരും എല്ലാം ഇട്ടെറിഞ്ഞു ഒരു യാത്ര. ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി എഴുതി ആ യാത്ര. പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിടയും തുടര്‍ന്നു. സ്വന്തം ജീവിതം കൊണ്ട് ഒരു മതത്തിന്റെ , പൂര്‍ണ്ണമായ ഒരു ജീവിത സംഹിതയുടെ സന്ദേശം ലോകത്തിനു നല്‍കി ആ മഹാമനീഷി. ഈ നശ്വരമായ ലോകത്തിനപ്പുറം ഒരു അനശ്വരമായ ലോകമുണ്ടെന്നു പഠിപ്പിച്ചു. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള കടമകളും കടപ്പാടുകളും പഠിപ്പിച്ചു, പ്രവര്‍ത്തിച്ചു കാണിച്ചു തന്നു. ഒരു നല്ല വീട്ടുകാരനായി.. കുടുംബക്കരാനായി.. നാട്ടുകരനായി... അങ്ങനെ ഒരു നല്ല രാഷ്ട്രത്തിന്റെ നിര്‍മ്മാണം പണിതെടുക്കുന്നത് വരെ ആ വിശ്വ വിമോചകന്‍ നമുക്ക് കാണിച്ചു തന്നു. ഒപ്പം നേരിനോപ്പം സഞ്ചരിക്കാന്‍ വേണ്ടി നാഥനോടുള്ള കടപ്പാടിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി നിത്യ ജീവിതത്തില്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളും , തന്റെ സാമൂഹിക ജീവിതതിലാവശ്യമായ ബന്ധങ്ങളും ബാധ്യതകളും എല്ലാം പഠിപ്പിച്ചു തന്നിട്ട് ആ മഹാന്‍ ലോകത്തോട്‌ വിടപറഞ്ഞു.

നാമറിയുക, ഇരുട്ട്ന്റെ മിത്രങ്ങളെ വെളിച്ചത്തിന്റെ വാക്ത്താക്കള്‍ആക്കി ലോകത്തിനു മുഴുവന്‍ മാതൃക യോഗ്യമായ രീതിയില്‍ പരിവര്തിപ്പിച്ചെടുത്തു ലോകത്തിന്റെ നായകന്‍ . അവിടുന്ന് ഒരുപാട് വേദനിച്ചു , സ്വന്തം കാര്യം ഓര്‍ത്തിട്ടല്ല. തന്റെ സമുദായത്തിന്റെ കാര്യമോര്‍ത്ത്!!

നമോര്‍ക്കുക, കാലപ്രവാഹത്തിനിടക്ക് നൂറ്റാണ്ട് പലതു കഴിഞ്ഞു. വീണ്ടും ഒരു വസന്തത്തിന്റെ മാസം കൂടി നമ്മിലേക്ക്‌ വന്നു. വിശ്വസീ ഹൃദയം ദിനേന ആ മഹാമാനീഷിയുടെ മഹത്വത്തെ വാഴ്ത്തുന്നു, ഈ മാസത്തില്‍ പ്രത്യകമായും ആ വിശ്വ പ്രാവചകന്റെ സന്ദേശങ്ങളെ ഒരിക്കല്‍ കൂടെ മലോകരോട് പറയുന്നു. അതില്‍ പുണ്യമുണ്ടെന്നു ആ പ്രവാചകന്‍ നമ്മെ പഠിപ്പിച്ചു. അവിടുന്ന് പറഞ്ഞു : "എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവനിക്കു പത്തു നന്മകള്‍ നല്‍കപ്പെടും". നമുക്ക് അതിനു സാധ്യമാവില്ലേ ? നബിദിന സന്ദേശങ്ങളുടെ കൈമാറലില്‍ ഒരാളെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ ഒരു നന്മ ചെയ്യാന്‍ തയ്യാറായാല്‍ , പ്രാവചകന്റെ ഒരു വാക്ക് കേള്‍ക്കാന്‍ അവസരമുണ്ടയാല്‍ അത് പുണ്യകരം തന്നെ അല്ലേ ? പ്രവാചക പ്രകീര്‍ത്തനം പരലോകത്ത് നമുക്ക് മുതല്കൂട്ടാവുമെന്നു അറിയാത്തവരാണോ നാം.

പ്രിയ മിത്രങ്ങളെ , സമകാലിക ലോകം കലാപ കലുഷിതമാണ്‌. ഉയര്‍ന്നു കേള്‍ക്കുന്ന വാര്‍ത്തകളൊന്നും അത്ര രസകരമല്ല. ശാസ്ത്രം എത്ര തന്നെ പുരോഗതി പ്രാപിച്ചിട്ടും ഒരു നേരത്തേ സ്വാസ്ഥ്യം നിറഞ്ഞ ജീവിതത്തിനു വേണ്ടി മനുഷ്യന്‍ നെട്ടോട്ടമോടുന്നു. സ്വന്തം രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ആയുധങ്ങള്‍ കൊണ്ട് അയല്‍ രാജ്യത്തിന്‍റെ സമാധാനം നഷ്ടപ്പെടുത്തുന്നവര്‍. ഭരണ വര്‍ഗ്ഗത്തിന്റെ തലപ്പിത്തിരിക്കുന്നവരുടെ കാട്ടിക്കൂട്ടലുകള്‍ കൊണ്ട് ജീവിക്കാന്‍ കഷ്ട്ടപ്പെടുന്നവര്‍. സമ്പന്നര്‍ വീണ്ടും സമ്പന്നനാവുന്നു. പാവപ്പെട്ടവന്‍ എല്ലാവര്ക്കും ഒരു തടസ്സമാവുന്നു.

അധികാരം നാളെ ചോദ്യം ചെയ്യപ്പെടുമെന്ന് പണ്ഡിത സംഘടന നയിക്കുന്നവര്‍ പോലും മറക്കുന്ന കാലം. അധികാരത്തിന്റെ മറവില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലം. അതിനു നിയമത്തിനു അവസാന വാക്ക് പോലും വിലക്ക് വാങ്ങുന്ന കാലം.


നേരിന്റെ വഴി നടത്താന്‍ വന്ന മതങ്ങളും മത സംഘടനകളും ചൂഷണത്തിന്റെ മാര്‍ഗം തേടുന്നു. അഹങ്കാരത്തിന്റെയും പകപോക്കലിന്റെയും വഴി തേടുന്നവര്‍.എന്തിനേറെ പറയുന്നു, എതിര് നില്‍ക്കുന്നവന്റെ ജീവനെടുക്കാന്‍ വരെ മടിക്കാത്തവര്‍ പാര്‍ക്കുന്ന കാലം. സത്യവും സദാചാരവും മ്യുസിയങ്ങളില്‍ പോലും കണ്ടെത്താന്‍ പറ്റാതായിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറബ് മരുഭൂമി എങ്ങനെയായിരുന്നോ അതുപോലോത്ത ചിത്രം വര്‍ത്തമാന കാലം നല്‍കുന്നു. പക്ഷേ അന്ന് പ്രവാചകന്‍ (സ) തങ്ങള്‍ വന്നു. പരിവര്‍ത്തനത്തിന്റെ രജത രേഖ വരച്ചു ഈ ലോകത്ത്. പ്രകാശം ചൊരിഞ്ഞു പാരില്‍. എന്നിട്ട് നാഥനെ വിളിക്കുത്തരം നല്‍കി യാത്രയായി. നാഥനില്‍ നിന്നു അവതീര്‍ണ്ണമായ വിശുദ്ധ ഖുര്‍ആന്‍ , അവിടുന്ന് കാണിച്ചു തന്ന ജീവിത ചര്യ  - അത് മാത്രമാണ് നമുക്കുള്ളത്. അതിലൂടെ നാം ജീവിതത്തെ നയിക്കുക.

നേരിന്റെ പാതയിലൂടെ വഴി നടത്താന്‍ ഒരു പ്രവാചകനും ഇനി വരില്ല. തിന്മക്കെതിരെ

ശബ്ദിക്കുക. പ്രതികരിക്കുക കഴിയില്ലെങ്കില്‍ മനസ്സ് കൊണ്ട് വെറുക്കുകയെങ്കിലും ചെയ്യുക. ചിലപ്പോള്‍ അതും വഴി വിട്ടു നടക്കാം. അതാണ് ലോകത്ത് പലപ്പോഴും നാം കാണുന്നത്. നമുക്കറിയാലോ, ഭരണ മേലാളന്മാര്‍ അധികാരത്തിന്റെ സുഖ ശീതളിമയില്‍ സുഖിച്ചു വാണപ്പോള്‍ ഒരു നേരത്തേ വിശപ്പടക്കാന്‍ പോലുമാവാത്ത ജനത "കടമ " നിരവ്വഹിച്ചതാണ് വര്‍ത്തമാന ടുണീഷ്യയില്‍ നാം കണ്ടത്. അവിടുന്ന് അടിച്ചു വീശിയ ആ സുനാമിയുടെ ശക്തമായ അലയൊലികള്‍ നൈലിന്റെ തീരത്ത് കൂടി ആര്‍ത്തലച്ചു വീശിയടിക്കുന്നതാണ് പിന്നെ ലോകം ദര്‍ശിച്ചത്. അനീതിയുടെ മേലാളന്മാര്‍ക്ക് ഓരോര്മ്മപ്പെടുതലാണ് ഇതൊക്കെ. ലോകത്തിനു മഹിതമായ സംസ്കാരങ്ങളെ സംഭാവന നല്‍കിയ നൈലും യൂഫ്രെട്ടീസസും ആധുനികതയെ വാരിപ്പുണര്ന്നപ്പോള്‍ നഷ്ട്ടപ്പെട്ടു പോയത് മഹിതമായ പാരമ്പര്യങ്ങളാണ്.

നമ്മുടെ ഇന്ത്യയും കൊച്ചു കേരളവും ഇതില്‍ നിന്നൊന്നും വിഭിന്നമല്ല. അഴിമതി കഥകളുടെ കണക്കു കൂട്ടി പഠിക്കാന്‍ പുതിയ ബിരുദങ്ങള്‍ കലാശാലകളില്‍ നിന്നും നേടെണ്ടാതായി വരും!! നന്മകളുടെ സകലമാന അതിര്‍വരമ്പുകളും ഇല്ലാതാക്കാന്‍ മത്സരിക്കുന്നവരായി നാം മാറുന്നു. പരസ്പര ബന്ധങ്ങളെ മറന്നു ജീവിക്കുന്നവര്‍. അപ്പോള്‍ വേണം നമുക്കൊരു മാറ്റം. ഇരുട്ടു നിറഞ്ഞ അറബ് മണ്ണില്‍ നന്മയുടെ പ്രകാശം കൊളുത്തി വെച്ചു ലോകത്തിനു മുഴുവന്‍ അതു പകര്‍ന്നു നല്‍കിയ പ്രവാചക അധ്യപനങ്ങളിലേക്ക് ഒരു മടക്കം. ആധുനികതയുടെ അതിപ്രസരത്തില്‍ നമ്മില്‍ നിന്നെപ്പോഴോ നഷ്ടപ്പെട്ട് പോയ നമ്മുടെ മഹിതമായ പാരമ്പര്യത്തിലെക്കുള്ള മടക്കം. അങ്ങനെ നന്മകളെ ചിന്തിക്കുന്ന... നന്മകളെ പറയുന്ന... നന്മകളെ പ്രവര്‍ത്തിക്കുന്ന ഒരാളെങ്കിലും ഉണ്ടാവാന്‍ നമുക്ക് പ്രവര്‍ത്തിക്കാം. പ്രാര്‍ത്ഥിക്കാം. വസന്തത്തിന്റെ ഈ ദിനങ്ങള്‍ നമ്മോട് പറയുന്നത് ഇതാവട്ടെ.

ഇസ്ഹാഖ് കുന്നക്കാവ്‌.

January 25, 2011

റിപ്പബ്ലിക് ദിനാശംസകള്‍ ...

നമ്മുടെ ഇന്ത്യ റിപബ്ലിക് ആഘോഷത്തിന്റെ നിറവില്‍,
അധികാരി വര്‍ഗ്ഗം നല്‍കുന്ന റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ കൊണ്ട് ഭാരത മണ്ണ് കോരിത്തരിക്കും!
പാലിക്കപ്പെടാത്ത ഈ സന്ദേശങ്ങള്‍ കൊണ്ട് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ നടക്കും .!!
വീണ്ടും മറ്റൊരു ആഘോഷത്തിനു അത് വഴിമാറികൊടുക്കും.
അപ്പോള്‍ നമ്മുടെ പിതാക്കള്‍ സ്വപ്നം കണ്ട ഇന്ത്യ ഇനി എന്ന്... ?
നാം കൊതിക്കുന്ന സമ്പൂര്‍ണ്ണ റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഭാതം എന്ന് പുലരും...
പ്രതീക്ഷയോടെ കാത്തിരിക്കാം നമുക്ക്.
                                         നേരുന്നു ഞാന്‍ റിപ്പബ്ലിക് ദിനാശംസകള്‍ ...